Mirror Talk

ഏഴാം ക്ലാസ്സ്‌ വരെ നന്നായി പഠിച്ചു എട്ടാം ക്ലാസ്സ്‌ ഒന്നാംതരമായി  ഉഴപ്പിയതിന്റെ ഭാഗമായി അടുത്ത അദ്ധ്യായനവർഷത്തിൽ നന്നായി പഠിക്കാൻ തീരുമാനമെടുത്തു. അതോടനുബന്ധിച്ചു എഴുന്നേറ്റു തുടങ്ങിയതാണ് വെളുപ്പിനെ. അല്ലാത്തപക്ഷം രാത്രികളിൽ ഉണർന്നിരുന്ന് രാവിലകളിൽ വൈകി എണീറ്റിരുന്ന ഞാൻ നന്നാവാൻ ആഗ്രഹിച്ചതിന്റെ മുന്നോടിയായി ഒൻപതാം ക്ലാസ്സിൽ പഠിക്കുന്നകാലം വെളുപ്പിനെ അഞ്ചുമണിക്ക് അലാറംവെച്ച് എണീറ്റ് തുടങ്ങി. കുറെക്കാലമായി ഉണ്ടായിരുന്ന ശീലത്തിന് വിപരീതമായതുകൊണ്ട്തന്നെ അതിന്റെതായ ബുദ്ധിമുട്ടുകളും ഉണ്ടായി, ഉറക്കച്ചടവ്‌. അതുകൊണ്ടാവണം  അതിനെ മറികടക്കാനായി എണീറ്റ് കുളിച്ചു സ്കൂൾ യൂണിഫോം ധരിച്ചുകൊണ്ടാണ് പഠിക്കാൻ ഒരുങ്ങിയിരുന്നത്. ആദ്യത്തെ അര-മുക്കാൽ മണിക്കൂറൊക്കെ തള്ളിനീക്കും ഇരുന്നുകഴിഞ്ഞാൽ. വീണ്ടും ഉറങ്ങും. അഞ്ചു പത്ത്‌ മിനിറ്റ് ഇടവേള എടുക്കുന്നതാണ്. പറഞ്ഞിട്ട് കാര്യമില്ല. ഞാനല്ലേ. 

പിന്നീടാണ് ആ ഇടവേളകളിൽ വേറൊരു ചിന്ത കടന്നുവന്നത്, തന്നത്താൻ വർത്തമാനം പറയൽ. പഠിക്കുന്നതിനിടയിൽ മടുക്കുമ്പോൾ മുറിയിലെ അലമാരിയുടെ കണ്ണാടിയിൽനോക്കി തന്നത്താൻ ചീത്ത വിളിക്കും, ഉപദേശിക്കും. അപ്പൊ ഒരു ആശ്വാസം കിട്ടും. അപ്പൊ വീണ്ടും പഠിക്കും. പിന്നീടതങ്ങ് ശീലമായി. പോകെപ്പോകെ അതൊരു ഹരമായി. ഞാനത് ഇഷ്ട്ടപ്പെട്ടുതുടങ്ങി. എന്നും അതായി ശീലം. പഠനത്തിന്റെ അതെ പ്രാധാന്യം ആ നേർക്കുനേർക്കുള്ള കണ്ണാടിനോക്കിയുള്ള സംസാരത്തിനും ഞാൻ കൊടുത്തു. ചീത്തവിളിയിൽനിന്ന്, ഉപദേശത്തിൽനിന്ന്, പ്രോത്സാഹനത്തിൽനിന്ന്, ഞാൻ തന്റെതന്നെ പ്രിയ സുഹൃത്തായി മാറിതുടങ്ങിയിരുന്നു. എന്റെ ഉള്ളിലുള്ള സകലമാന കാര്യങ്ങളും ഒന്നുപോലും വിടാതെ ഒരു നല്ല ഉറ്റ സുഹൃത്തിനോടെന്നവണ്ണം ഞാൻ പങ്കുവെയ്ക്കാൻ തുടങ്ങി. എല്ലാം അങ്ങനെ പറഞ്ഞു കഴിയുമ്പോൾ എന്തൊരാശ്വാസമാണെന്നോ. ഒരു മഴ പെയ്തിറങ്ങിയ സുഖം. ഒരു കുളിർമ. മനസ്സിന്റെ എല്ലാ ഭാരങ്ങളും ഇറക്കിവെച്ചു സ്വസ്ഥം. പിന്നീട് മറ്റെല്ലാരെക്കാളും ഞാൻ സംസാരിച്ചിരുന്നത് എന്നോട്തന്നെയായിരുന്നു. അതെനിക്ക് പുതിയൊരു ആത്മവിശ്വാസം പകർന്നു. അങ്ങനെ എല്ലാ കാര്യങ്ങളും മറ്റൊരാളോട് പങ്കുവെയ്ക്കുന്നോണം ഞാൻ എന്നോടുതന്നെ പറയുന്നതുകൊണ്ടാവണം മറ്റുള്ളവരോട് സംസാരിക്കാൻ എനിക്കൊന്നും ഇല്ലാതായി. ആരെങ്കിലും സംസാരിക്കുമ്പോൾ കേട്ടോണ്ടിരിക്കുക എന്നല്ലാതെ അങ്ങോട്ട് എന്നെപ്പറ്റി പറയാൻ ഒന്നും കിട്ടാതെ വന്നുതുടങ്ങി. 

അന്ന് അങ്ങനെ തുടങ്ങിയതാണ് എന്റെ കണ്ണാടിനോക്കിയുള്ള self-talk. ഇന്നും ഞാനത് തുടരുന്നു. രാത്രി ഉറങ്ങുന്നതിനു മുൻപും രാവിലെ എണീറ്റത്തിന് ശേഷവും. എന്റെ ദിനചര്യയുടെ ഒഴിച്ചുകൂടാനാവാത്ത ഭാഗങ്ങളാണിവ. 

പലപ്പോഴും ഓർക്കാറുണ്ട് ഞാൻ എന്നിലേക്കുതന്നെ ഒരുപാട് നോക്കുന്നു, ശ്രദ്ധ കേന്ദ്രീകരിക്കുന്നു എന്നൊക്കെ. അപ്പോഴൊക്കെ പല ഉത്തരങ്ങളിൽ വന്നെത്തിപ്പെടാറുണ്ട്. മറ്റുള്ളവർ എന്തൊക്കെ എങ്ങനെയൊക്കെ പറഞ്ഞാലും ഞാൻ കടന്നുപോകുന്നതും അനുഭവിക്കുന്നതും എന്റെ ആഗ്രഹങ്ങളും സന്തോഷങ്ങളും ദുഃഖങ്ങളും എനിക്കല്ലാതെ മറ്റാർക്കാണ് അറിയുക എന്ന ചോദ്യത്തിൽ വന്നു നിൽക്കാറുണ്ട് കുറെ നേരം. അങ്ങനെ ആർക്കെങ്കിലും അറിയാമെങ്കിലും അവരുടെ ബാഹ്യമായ നിരീക്ഷണങ്ങളും നിഗമനങ്ങളും പോലെ അത്രതന്നെ മുഖ്യമാണ് എന്നെപ്പറ്റിയുള്ള എന്റെ കാഴ്ചപ്പാടുകളും തീരുമാനങ്ങളും എന്ന് തിരിച്ചറിഞ്ഞു.  

പലസമയങ്ങളിലായി എന്റെ ജീവിതത്തിലൂടെ കടന്നുപോയ മിക്കവരെയും ഞാൻ ഓർക്കാറുണ്ട്, ഇപ്പോൾ കൂടെ ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കാറുണ്ട്. പക്ഷെ എന്തുചെയ്യാൻ, ആശിക്കാനല്ലേ എനിക്ക് പറ്റൂ. അവരുടെ പങ്കു നിർവഹിച്ചു കടന്നുപോയെങ്കിലുംകൂടി അന്നവരൊക്കെ ഉണ്ടായതുകൊണ്ടാണ് ഞാൻ ഇപ്പോൾ ഇങ്ങനെ ആയിരിക്കുന്നത് എന്ന ധൃഢമായ ബോധ്യം എനിക്കുണ്ട്. ഓരോരുത്തരും നിർണ്ണായക പങ്കുവഹിച്ചു. എന്നാൽ, എല്ലായിടത്തും അന്നും ഇന്നും എന്നും എപ്പോളും എന്റെ കൂടെ ഉണ്ടായിരുന്നത്, ഉള്ളത് ഞാൻ തന്നെയാണ്. ഇന്നുവരെ ഇങ്ങനെയാണെങ്കിൽ മുന്നോട്ടും വ്യത്യാസമൊന്നും വരാനില്ല. അപ്പോൾപിന്നെ എന്നെ ഓരോ ദിവസവും എനിക്കെന്താണ് വേണ്ടതെന്നു ഓർമിപ്പിച്ചുകൊണ്ട് ഒരു താങ്ങായി എന്നെ മുന്നോട്ട് നയിക്കേണ്ടതും ഞാൻ തന്നെയല്ലേ? ആരിലാണ് ഞാൻ വിശ്വാസം അർപ്പിക്കേണ്ടത്? ആരിലാണ് ഞാൻ ആശ്രയിക്കേണ്ടത്? ആഗ്രഹിക്കുന്ന ജീവിതം യാഥാർഥ്യമാക്കേണ്ടത് അവനവന്റെ മാത്രം ആവശ്യമല്ലേ? 

ഇതൊക്കെകൊണ്ട് ഒറ്റക്കാകാൻ ഞാൻ ആഗ്രഹിക്കുന്നില്ല. വേണം എല്ലാരും. പക്ഷെ, ചുറ്റുമുള്ളവരെ എന്തിനും ഏതിനും ആശ്രയിച്ചു അവരില്ലാതെ ഒന്നിനും പറ്റില്ല എന്നുള്ള അവസ്ഥ വരരുത്. സ്വയപ്രാപ്തി, കടന്നുവരുന്നത് എന്തുതന്നെയായാലും സ്വന്തമായി നേരിടാം എന്നുള്ള ത്രാണി നേടിക്കഴിഞ്ഞാലാണ്. 

നമ്മൾ നമ്മളിൽതന്നെ സന്തോഷവും സമാധാനവും സംതൃപ്തിയും കൈവശപ്പെടുത്തിയാൽ, പിന്നെ ചുറ്റുമുള്ള എന്തിലും ആരിലും ആരോഗ്യപൂർണമായ ബന്ധങ്ങൾ ഉടലെടുക്കും എന്ന് ഇക്കഴിഞ്ഞ കുറച്ചു അനുഭവങ്ങൾ എന്നെ പഠിപ്പിച്ചു. മാറിയിരിക്കുന്നു പലതും ഒരുപാട് - കാഴ്ചപ്പാടുകൾ, ജീവിതശൈലി, പ്രാധാന്യങ്ങൾ, ബന്ധങ്ങളുടെ രീതി. മനസിലാക്കാനുള്ള ശ്രമം കൂടുതൽ കാണുന്നുണ്ട്. 

എന്റെ ജീവിതത്തിൽ പലസമയത്തായി തള്ളിപ്പറഞ്ഞും, ചീത്തവിളിച്ചും, കളിയാക്കിയും, പ്രോത്സാഹിപ്പിച്ചും, സന്തോഷിപ്പിച്ചും, കരയിച്ചും, വീണുപോയപ്പോഴൊക്കെ പൊക്കിയെടുത്തും... എന്നാൽ ഒരുകാലത്തും എന്നെ കൈവിടാതെ കൈപിടിച്ചു കൂടെനിന്ന നീയെന്ന എനിക്ക് നന്ദി. പോകേണ്ടിയിരിക്കുന്നു ഇനിയും ഒത്തിരി ദൂരം.

Comments

Post a Comment

Popular Posts